പ്രവാസി എന്നും പ്രവാസി ആയിത്തന്നെ തുടരണം. അവർ എന്നും നാടിനും നാട്ടുകാർക്കും ഒരു കറവപ്പശുവോ പൊൻ മുട്ടയിടുന്ന താറാവോ മാത്രമായിരിക്കണം. ഇതാണ് നാട്ടിലെ പ്രവാസികളുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന കപട രാഷ്ട്രീയക്കാരുടെയും അഴിമതി വീരൻമാരായ ഉദ്യോഗസ്ഥരുടെയും ആഗ്രഹം. അത് കൊണ്ടു് തന്നെയാണ് പ്രവാസം അവസാനിപ്പിച്ച് വന്ന് നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഇക്കൂട്ടർ തടയിടുന്നത്.
മറ്റൊരു കൂട്ടർ അസൂയയും കുശുമ്പും മാത്രം കൈമുതലുള്ളവരാണ്. അന്യനാട്ടിൽ പോയി ചോര നീരാക്കി അൽപം സമ്പാദിച്ച് ഇവിടെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നവരെ തകർത്ത് കുത്തുപാള എടുപ്പിച്ചാൽ, വെറുതെ തെക്ക് വടക്ക് നടന്ന്, അന്യരെ കബളിപ്പിച്ചും ഇരന്നും ജീവിക്കുന്ന ഈ കൂട്ടർക്ക് ഏറെ സന്തോഷമാകും.ഈ രണ്ട് കൂട്ടരെ ഭയന്നാണ് ഓരോ പ്രാവശ്യവും നാട് സ്വപ്നം കണ്ടു് വരുന്ന പ്രവാസി ഇഷ്ഠമില്ലാതിരുന്നിട്ടും വീണ്ടും വീണ്ടും പ്രവാസത്തിലേക്ക് ഓടി ഒളിക്കുന്നത്. ഇടക്കിടെ പ്രവാസികളെ സന്ദർശിക്കാൻ വരുന്ന നേതാക്കളെയും മന്ത്രിമാരെയും സൽക്കരിക്കാൻ പ്രവാസികൾ കക്ഷി തിരിഞ്ഞു് മൽസരമാണ്.
കുറച്ച് ദിവസത്തെ ഫൈവ് സ്റ്റാർ സുഖവാസവും, അവരിൽ നിന്ന് കിട്ടാവുന്നതൊക്കെ അടിച്ച് മാറ്റിയും, പകരം കൂടെ നിന്ന് കുറെ സെൽഫിയും കൊടുത്ത് സ്വാർത്ഥരായ കുറെ പ്രവാസി നേതാക്കളെ അവർ എന്നും തങ്ങളോടൊപ്പം നിർത്തും.
നാട്ടിൽ ചെന്ന് ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോളാണ് ഇത്തരക്കാരുടെ യഥാർത്ഥ മുഖം പ്രവാസികൾ മനസ്സിലാക്കുക. അല്ലെങ്കിൽ വല്ല യൂസുഫലിയോ രവി പിള്ളയോ ആയിരിക്കണം.
അങ്ങിനെയുള്ളവരുടെ പിന്നാലെ അവർ വാലാട്ടി പട്ടികളെപ്പോലെ കൂടെ ഉണ്ടാകും.
സർക്കാറിന്റെ എന്ത് പദ്ധതിക്കും പ്രവാസികൾ കൂടെ വേണം. പ്രളയം വന്നാലും സുനാമി വന്നാലും എന്തിന് ചിട്ടി നടത്താൻ വരെ പ്രവാസികൾ അനിവാര്യമാണ്. പക്ഷെ നാട്ടിൽ ചെന്നാൽ പേപ്പട്ടികളോടെന്ന പോലെയാണ് അധികാരി വർഗത്തിന്റെ പ്രവാസികളോടുള്ള നിലപാട്. ആത്മഹത്യ ചെയ്താൽ മാത്രം നീതി ലഭിക്കുന്ന രീതിയിലേക്കാണ് നാട്ടിലെ വ്യവസ്ഥിതി മാറുന്നത്. പക്ഷെ ഒരു പുരുഷായുസ്സ് മുഴുവൻ അദ്ധ്വാനിച്ച് നാട്ടിൽ ഇൻവെസ്റ്റ് ചെയ്ത് പാപ്പരായ അനവധി പേർ നരകിച്ച് ജീവിതം തള്ളിനീക്കുന്നുണ്ടു്. അവർക്ക് ഒരിക്കലും നഷ്ടപരിഹാരമോ നീതിയോ ലഭിക്കില്ല
പതിനാറു് കോടി മുടക്കിയ ഒരു പ്രവാസിയുടെ കഥയാണ് നാം ഇപ്പോൾ കേൾക്കുന്നത്. അപ്പോൾ പിന്നെ ലക്ഷങ്ങളുമായി നാട്ടിൽ കൂടാൻ പോകുന്നവരുടെ കഥ പറയാനുണ്ടോ?
യഥാർത്ഥത്തിൽ കേരളം, ഇന്ന് കാണുന്ന കേരളമായതിന് പിന്നിൽ പ്രവാസികളാണെന്ന സത്യത്തെ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എല്ലാ രാഷ്ട്രിയക്കാരും പറയും, കേരളം നമ്പർ വൺ ആക്കിയത് ഞങ്ങളാണെന്ന്. പ്രവാസികൾ മാസാമാസം അയക്കുന്ന കോടികൾ ഇല്ലായിരുന്നെങ്കിൽ ഇന്നും നാം യുപി യെ പോലെയോ, അതിലും താഴെയോ ആകുമായിരുന്നു. ഒരു സംശയവുമില്ല. എന്നിട്ടും കേരളത്തിലെ ഒരു വിഭാഗം അഹങ്കാരികളായ രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും അവരെ എല്ലാ തരത്തിലും തകർക്കാൻ കൂട്ട് നിൽക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ്, സാജന്റെ ആത്മഹത്യയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തുറന്ന് പറച്ചിലും.
സാധാരണ സംഭവിക്കാറുള്ളത് പോലെ ഏതെങ്കിലും നിരപരാധികളായ ഉദ്യോഗസ്ഥരുടെ തലയിൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവെച്ച് അവരെ ക്രൂശിക്കുന്ന പതിവ് നാടകമായിരിക്കും ഈ വിഷയത്തിലും സ്വീകരിക്കുക. പക്ഷെ ജനം മനസ്സിലാക്കിയ യഥാർത്ഥ കാരണക്കാരായവരെ തക്ക ശിക്ഷ നൽകി, അധികാരത്തിന് പുറത്ത് നിർത്തിയില്ലെങ്കിൽ, കേരളത്തിലെ വിശ്വാസികൾ പ്രതികരിച്ചത് പോലെ അടുത്ത തിരഞ്ഞെെടുപ്പിൽ ഇനി പ്രവാസികളുടെ ശക്തിയും ഭരണകൂടം മനസ്സിലാക്കേണ്ടി വരും.