മനാമ: ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ പെരുമ്പടപ്പ് സ്വദേശി റഹീം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1987ല്‍ പ്രവാസജീവിതം ആരംഭിച്ച റഹീം ബഹ്‌റൈന്‍ മന്ത്രാലയത്തിലെ 39 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങള്‍ സാമൂഹ്യ, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെച്ചു. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം വെസ്റ്റ് റിഫ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ സജീവപ്രവര്‍ത്തകനായും വിവിധ ഘടകങ്ങളില്‍ ഭാരവാഹിയായും അദ്ദേഹം നിറഞ്ഞുനിന്നു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐസിഎഫ് എന്ന പേര് സ്വീകരിച്ചതിന് ശേഷം സംഘടനയുടെ യൂണിറ്റ് സെനറ്റ് അംഗമായി സേവനം ചെയ്തുവരികയാണ്. അദ്ദേഹത്തിന്റെ ബന്ധങ്ങളും പ്രവര്‍ത്തന മികവും റിഫ ഏരിയയില്‍ ഐസിഎഫിന് വലിയ ഊര്‍ജ്ജം പകര്‍ന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് റഹീം ബഹ്റൈനിനോട് വിടപറയുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് സ്വാതന്ത്ര്യവും സൗകര്യങ്ങളും നല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍ എന്നും മതസൗഹാര്‍ദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സജീവമായ നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റഹീമിന് ഐസിഎഫ് വെസ്റ്റ് റിഫ യൂണിറ്റ് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
വെസ്റ്റ് റിഫ സുന്നി സെന്ററില്‍ നടന്ന യാത്രയയപ്പ് ചടങ്ങിന് മമ്മൂട്ടി മുസ്ലിയാര്‍, നാസര്‍ തിക്കോടി, ഇസ്മായില്‍ മുസ്ലിയാര്‍, അലവി സയിനി, ഉമ്മര്‍ ഹാജി, ഇബ്രാഹിം മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.









