മനാമ: പ്രവാസി ജീവിതത്തിനിടയിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന് ബഹ്റൈനിലെ ഒരു മലയാളി കുടുംബം. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കന്നി വോട്ട് രേഖപ്പെടുത്തി എന്നതിന് പുറമേ തങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥി അഡ്വ. ഇന്ദിര വിജയിച്ചതിന്റെയും സന്തോഷത്തിലാണ് സഹോദരങ്ങളായ ഈ മൂന്ന് പേര്‍.
ബഹ്റൈനില്‍ പ്രവാസിയായ ഫസല്‍ ഭായിയുടെ മക്കളായ മറിയം ഫസല്‍, മര്‍വാ ഫസല്‍, സഫാ ഫസല്‍ എന്നിവരാണ് കണ്ണൂര്‍ കോര്‍പറേഷനിലെ ത്രിതല പഞ്ചായത്ത്/മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി നാട്ടിലെത്തിയതും വിജയത്തില്‍ പങ്കുചേര്‍ന്നതും. കണ്ണൂര്‍ കോര്‍പറേഷനിലെ 53-ാം വാര്‍ഡിലാണ് മൂവരും വോട്ട് ചെയ്തത്.
തങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രവാസ ജീവിതത്തിനിടയിലും നാട്ടില്‍ എത്താനായതിന്റെ സന്തോഷം ഇവര്‍ പങ്കുവെച്ചു. മക്കളെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുപ്പിച്ചതിനും അതിനുള്ള പിന്തുണകള്‍ നല്‍കിയതിലും മാതാപിതാക്കളായ ഫസല്‍ ഹഖിനും ഭാര്യ തസ്‌നീം ഫസലിനും അഡ്വ. ഇന്ദിര അഭിനന്ദനം അറിയിച്ചു.









