മനാമ: പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായുള്ള സെക്ടര്‍ തല മത്സരങ്ങള്‍ ബഹ്റൈനില്‍ വിപുലമായി സമാപിച്ചു. നൂറുകണക്കിന് മത്സരാര്‍ത്ഥികളാണ് വിവിധ സെക്ടറുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ പങ്കാളികളായത്.
കസീനോ, ഹിദ്ദ്, ഗുദൈബിയ്യ, സല്‍മാനിയ, സല്‍മാബാദ്, ഹമദ് ടൗണ്‍, സനദ്, ഖലീഫ, ഇസാ ടൗണ്‍ എന്നീ ഒമ്പത് സെക്ടറുകളിലാണ് മത്സരങ്ങള്‍ നടന്നത്. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ എന്നീ ആറ് വിഭാഗങ്ങളിലായി എണ്‍പതോളം ഇനങ്ങളില്‍ കലാ-സാഹിത്യ മത്സരങ്ങള്‍ അരങ്ങേറി.
മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍ തുടങ്ങിയ സ്റ്റേജ് മത്സരങ്ങള്‍ക്ക് പുറമെ കവിത, കഥ, പ്രബന്ധം, ഹൈക്കു, സോഷ്യല്‍ ട്വീറ്റ്, കാലിഗ്രഫി, റിവ്യൂ റൈറ്റിംഗ് തുടങ്ങിയ രചനാ മത്സരങ്ങളും ഇത്തവണത്തെ സാഹിത്യോത്സവിലെ പ്രധാന ഇനങ്ങളാണ്.
സെക്ടര്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിജയികള്‍ ഇനി സോണ്‍ തല മത്സരങ്ങളില്‍ മാറ്റുരയ്ക്കും. വരും ദിവസങ്ങളില്‍ റിഫ, മുഹറഖ്, മനാമ എന്നിവിടങ്ങളിലാണ് സോണ്‍ സാഹിത്യോത്സവുകള്‍ നടക്കുക. സാഹിത്യോത്സവിന്റെ അവസാന ഘട്ടമായ ബഹ്റൈന്‍ നാഷണല്‍ ഗ്രാന്റ് ഫിനാലെ ജനുവരി 16-ന് അധാരി പാര്‍ക്കില്‍ വെച്ച് നടക്കും. ബഹ്റൈനിലെ മലയാളി പ്രവാസി സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുക.









