മനാമ: ബഹ്റൈന്‍ ഇന്ന് 54-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം അന്തരിച്ച അമീര്‍ ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സിംഹാസനത്തിലേറിയ ദിവസമാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണത്തിന്റെ 26-ാം വാര്‍ഷികവും ദേശീയദിനത്തോടൊപ്പം ആഘോഷിക്കുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ‘സെലിബ്രേറ്റ് ബഹ്റൈൻ’ എന്നപേരിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തെരുവുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എല്ലാം ചുവപ്പും വെള്ളയും നിറങ്ങളില്‍ അലങ്കരിച്ചിരിക്കുകയാണ്. ഔദ്യോഗിക ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം.
ഗവര്‍ണറേറ്റുകളിലുടനീളമുള്ള ബഹുനില ഗോപുരങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ അലങ്കാരങ്ങളില്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ചിത്രങ്ങളും അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുന്നു.
ഗവര്‍ണറേറ്ററുകളിലെ കലാ പ്രദര്‍ശനങ്ങളില്‍ ദേശീയ മൂല്യങ്ങള്‍, സ്വത്വം, മാതൃരാജ്യത്തോടുള്ള ആഴമായ അടുപ്പം എന്നിവ പ്രതിഫലിപ്പിക്കുന്ന അഭിനന്ദന സന്ദേശങ്ങളും മുദ്രാവാക്യങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈന്റെ സാംസ്‌കാരിക പൈതൃകവും ദേശീയ അഭിമാനവും പ്രതിഫലിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സംഘടനകള്‍, പ്രവാസികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാണ്.
ആഘോഷങ്ങള്‍ക്കപ്പുറം അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയില്‍ പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച പുരോഗതിയെ ഓര്‍മിക്കാനുള്ള വേദികൂടിയാണ് ദേശീയ ദിനം. രാജ്യത്തിന്റെ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതില്‍ നേതൃത്വത്തിന്റെയും പൗരന്മാരുടെയും താമസക്കരുടെയും പങ്കിനെ ഈ ദിനം അടിവരയിടുന്നു.
ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും സന്നിഹിതനാകും. വൈകീട്ട് 7 മണിക്ക് ബിഐസിയിൽ വെടികെട്ട് പ്രദര്‍ശനം നടക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാസാംസ്‌കാരിക പരിപാടികള്‍, രക്തദാന ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മകളും ആഘോഷത്തില്‍ പങ്കുചേരുന്നു.









