മനാമ: രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ 26-ാമത് സ്ഥാനാരോഹണ വാര്‍ഷികത്തിന്റെയും ഭാഗമായി 963 തടവുകാര്‍ക്ക് മാപ്പ് നല്‍കി. ഇവരെ മോചിപ്പിക്കാന്‍ രാജകീയ ഉത്തരവ് നിലവില്‍ വന്നു.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരും ശിക്ഷാ കാലാവധിയുടെ നിശ്ചിതഭാഗം പൂര്‍ത്തിയാക്കിയവരും ബദല്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചുവരുന്ന ഒരുവിഭാഗം തടവുകാരുമാണ് മോചിതരാകുന്നത്. സമൂഹവുമായി പുനസംഘടിപ്പിക്കാനും രാജ്യത്തിന്റെ സമഗ്ര വികസന യാത്രയില്‍ ക്രിയാത്മകമായി സംഭാവന നല്‍കാനുമുള്ള അവസരമാണ് രാജാവിന്റെ മാനുഷികമായ സമീപനത്തിലൂടെ ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.









