മനാമ: സ്‌കൂള്‍ വാഹനത്തില്‍ ഉറങ്ങിപ്പോയ നാല് വയസ്സുകാരന്‍ ഹസന്‍ അല്‍ മഹരി മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ വെറുതെ വിട്ടു. 40 വയസ്സുള്ള യുവതിയാണ് പ്രതി. ഇവര്‍ക്ക് മാപ്പ് നല്‍കിയതായി കുട്ടിയുടെ മാതാവ് കോടതിയില്‍ നേരെത്തെ അറിയിച്ചിരുന്നു.
പ്രതിയും കുട്ടിയുടെ മാതാപിതാക്കളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് പ്രതിക്കെതിരായ ക്രിമിനല്‍ കേസ് അവസാനിപ്പിച്ചു എന്നാണ് കോടതിയുടെ വിധിയില്‍ പറയുന്നത്. കേസില്‍ നഷ്ടപരിഹാരവും വേണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.
പെര്‍മിറ്റ് എടുക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോയതിന് യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി 300 ദിനാര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഒക്ടോബര്‍ 13 ന് ഡെമിസ്ഥാനിലെ തന്റെ കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രക്കിടെ ഹസന്‍ വാഹനത്തില്‍ ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടി വാഹനത്തില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെടാതിരുന്ന യുവതി മറ്റൊരു സ്‌കൂളിലേക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജോലിക്ക് പോയി. മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി ചൂട് മൂലമാണ് മരണപ്പെട്ടത്.
ഹസന്റെ മരണത്തിന് കാരണക്കാരന്‍ താനാണെന്ന് യുവതി കോടതിയില്‍ സമ്മതിച്ചിരുന്നു. പെര്‍മിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും കിന്റര്‍ഗാര്‍ട്ടനിലേക്കും കൊണ്ടുപോയി തിരികെ കൊണ്ടുവന്നിരുന്നു എന്നും യുവതി കോടതിയില്‍ സമ്മതിച്ചിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ജീവിതമാര്‍ഗമായാണ് രണ്ട് ജോലികള്‍ ചെയ്തിരുന്നത്. തന്റെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ വര്‍ഷങ്ങളായി ജയിലിലാണെന്നും യുവതി ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവിനോടും സ്ത്രീ ക്ഷമാപണം നടത്തിയിരുന്നു. വിചാരണയ്ക്കിടെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ ബന്ധുവാണ് യുവതിയോട് ക്ഷമിച്ചതായി അറിയിച്ചത്.









