മനാമ/ന്യൂഡല്‍ഹി: പ്രവാസികളുടെയും എന്‍ആര്‍ഐകളുടെയും നിയമാവകാശ സംരക്ഷണത്തിനായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) ഇറ്റലിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഡിസംബര്‍ 20, ശനിയാഴ്ച ഓണ്‍ലൈന്‍ വഴി നടക്കുന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ഇറ്റലി ചാപ്റ്റര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ജോസ് വട്ടക്കോട്ടയില്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ഇറ്റലിയില്‍ കഴിയുന്ന പ്രവാസികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍, അവകാശബോധവത്കരണം, മാനവിക ഇടപെടലുകള്‍ എന്നിവയാണ് ഇറ്റലി ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇറ്റലി ചാപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രവാസി ലീഗല്‍ സെലിന്റെ ആഗോള പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ആണ്. ഭാരത സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡായും പ്രവര്‍ത്തിച്ചുവരികയാണ്.
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പിആര്‍ഒയും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുദീര്‍ തിരുനിലത്ത് ഇറ്റലി ചാപ്റ്ററിന്റെ രൂപീകരണം പ്രവാസി സമൂഹത്തിനുള്ള പിഎല്‍സിയുടെ ഉത്തരവാദിത്തബോധത്തിന്റെ തുടര്‍ച്ചയാണെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളിലായി നിയമസഹായം, അടിയന്തര മാനവിക ഇടപെടലുകള്‍, എംബസികളുമായി സഹകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പിഎല്‍സി ഇതിനകം തന്നെ വിശ്വാസ്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ പിഎല്‍സി ഭാരവാഹികളും നിയമവിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും. പ്രവാസി ലീഗല്‍ സെല്‍, ”നിയമം, മാനവികത, ഐക്യദാര്‍ഢ്യം” എന്ന സന്ദേശത്തോടെ പ്രവാസികള്‍ക്ക് ഒപ്പമുണ്ടെന്ന പ്രതിബദ്ധതയോടെ പ്രവര്‍ത്തനം തുടരുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.









