മനാമ: വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ബഹ്റൈന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍. തീപിടിത്ത സാധ്യത, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, മുനിസിപ്പല്‍-തൊഴില്‍ നിയമലംഘനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അടിയന്തരമായി മുന്നറിയിപ്പ് നല്‍കുന്നതെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
റസ്റ്റോറന്റുകള്‍, കഫേകള്‍, ബേക്കറികള്‍, ലോണ്‍ഡ്രികള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, ബുക്ക്ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങി വാണിജ്യ ഔട്ട്ലെറ്റുകളില്‍ പ്രവാസി ജീവനക്കാര്‍ രാത്രി കിടന്നുറങ്ങുന്നതായി നിരവധി കൗണ്‍സിലര്‍മാര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ളത്തീഫ് പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ എന്നിവ റെസ്റ്റാറന്റുകളിലും കഫേകളിലും ഉണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു തീപിടുത്തം ഉണ്ടായാല്‍ വന്‍ ദുരന്തമായി അത് മാറിയേക്കും. അത് ഒഴിവാക്കാന്‍ തൊഴിലാളികളും ബന്ധപ്പെട്ടവരും തയ്യാറാകണം എന്നും ചെയര്‍മാന്‍ വ്യക്തമാക്കി.









