മനാമ: വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാര്‍ഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസണ്‍ 2’ എന്ന പേരില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഡിസംബര്‍ 4-ന് സല്‍മാനിയയിലെ കലവറ റെസ്റ്റോറന്റില്‍ വച്ച് നടന്ന സംഗമം അംഗങ്ങളും കുടുംബങ്ങളുടെയും സാന്നിധ്യത്താലും സാംസ്‌കാരികവും കലാപരവുമായ പരിപാടികളാലും സമ്പന്നമായിരുന്നു.
ഏരിയ പ്രസിഡന്റ് റജി രാഘവന്റെ അധ്യക്ഷതയിലുള്ള പൊതുസമ്മേളനത്തോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഏരിയ സെക്രട്ടറി ദീപക് പ്രഭാകര്‍ സ്വാഗതവും മുഖ്യാതിഥി അജയകൃഷ്ണന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഇന്ത്യന്‍ ക്ലബ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍, മനാമ ഏരിയ കമ്മിറ്റിയുടെ മുതിര്‍ന്ന അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സുരേഷ് പുത്തന്‍വിളയില്‍ എന്നിവരെ ആദരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിബിന്‍ സലിം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെകെ ബിജു, മീഡിയ കണ്‍വീനര്‍ ജഗദീഷ് ശിവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ കമ്മിറ്റി ട്രഷറര്‍ അനൂപ് ശ്രീരാഗ് നന്ദി പറഞ്ഞു.
ഉത്സവാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. ‘ആരവം’ ടീമിന്റെ നാടന്‍ പാട്ടുകളും നടന്നു. ഷാജി സെബാസ്റ്റ്യന്‍, ബിനു ദിവാകരന്‍, നിബു വര്‍ഗീസ്, ദിലീപ്കുമാര്‍, വിഷ്ണു എന്നിവരടങ്ങിയ ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സെന്‍ട്രല്‍ കമ്മിറ്റി അംഗം അജിത് കുമാറും ചേര്‍ന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.









