മനാമ: ബഹ്റൈനില്‍ ജോലി തേടിയെത്തുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് മുന്‍പ് കര്‍ശനമായി പരിശോധിക്കണമെന്ന് ആവശ്യം. നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. വ്യാജ രേഖകള്‍ തടയുന്നതിനും തൊഴില്‍ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് എംപിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക സ്ഥാപനങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന ആവശ്യം. പൊതു-സ്വകാര്യ മേഖലകളില്‍ ജോലിക്ക് പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസി തൊഴിലാളികളുടെ വര്‍ദ്ധിച്ച് വരുന്ന എണ്ണവും പ്രധാന തസ്തികകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിച്ച് പൊതുതാല്‍പര്യാര്‍ത്ഥം ഈ ഭേദഗതി അംഗീകരിക്കണമെന്നാണ് ആവശ്യം. കൃത്യമായ യോഗ്യതയുളള പ്രവാസികളെ മാത്രം നിയമിക്കുന്നതിലൂടെ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ഠിക്കാന്‍ കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈനും ട്രേഡ് യൂണിയനുകളും ഈ നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സ്പെഷലിസ്റ്റ് തസ്തികകളില്‍ പ്രഫഷണല്‍ ലൈസന്‍സിങ് ബോഡികള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. മറ്റുജോലികളിലെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് തങ്ങളുടെ നിയമപരമായ പരിധിയില്‍ വരുന്നതല്ലെന്നാണ് അതോറിറ്റിയുടെ നിലപാട്.
നിലവിലുള്ള പരിശോധന സംവിധാനങ്ങള്‍ മതിയെന്നും പുതിയ മാറ്റം ബിസിനസ് നടപടികള്‍ സങ്കീര്‍ണമാക്കുമെന്നും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കിയിരുന്നു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ജലാല്‍ കാസിമിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിര്‍ദേശം സര്‍വീസസ് കമ്മിറ്റി ഇതിനകം അംഗീകരിച്ചിട്ടുണ്ട്.









