മനാമ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ സ്മരണാർത്ഥം, ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ് 15-ാം വാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കും. വാർഷിക ദിനത്തിൽ അനുസ്മരണത്തോടൊപ്പം വൈവിധ്യമാർന്ന ചാരിറ്റി പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഡിസംബർ 23 ചൊവ്വാഴ്ച രാവിലെ 6:30-ന് തൂബ്ലിയിലെ താജ തൊഴിലാളി കേന്ദ്രത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ലീഡറുടെ ചായചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങിൽ പ്രത്യേക അനുസ്മരണ സമ്മേളനവും കൂട്ടപ്രാർത്ഥനയും നടക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി പ്രത്യേക പ്രാതൽ വിതരണവും, ബഹ്‌റൈനിലെ തണുപ്പുകാലം കണക്കിലെടുത്ത് കമ്പിളി പുതപ്പുകളുടെ വിതരണവും സ്റ്റഡി സെൻ്റർ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായ സ്റ്റഡി സെൻ്റർ, ലീഡറുടെ സ്മരണാർത്ഥം നിരവധി പ്രവാസി ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
തൂബ്ലിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലേക്കും ചാരിറ്റി സംഗമത്തിലേക്കും എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സ്റ്റഡി സെൻ്റർ ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു.









