മനാമ: രാജ്യത്തെ ഏറ്റവും വലിയ മൊത്ത, ചില്ലറ വ്യാപാര കേന്ദ്രമായ ഡ്രാഗണ്‍ സിറ്റി ബഹ്‌റൈന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. അഡ്രസ് ബീച്ച് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ നയതന്ത്ര പ്രതിനിധികളടക്കമുള്ള വിശിഷ്ടാതിഥികള്‍, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.
വ്യാപാരം, ടൂറിസം, നിക്ഷേപം എന്നീ മേഖലകളിലെ ഒരു പ്രമുഖ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമെന്ന സ്ഥാനം ഉറപ്പിച്ച ഡ്രാഗണ്‍ സിറ്റി ബഹ്റൈന്റെ ഒരു ദശാബ്ദക്കാലത്തെ തുടര്‍ച്ചയായ വളര്‍ച്ചയും നേട്ടങ്ങളും ആഘോഷത്തില്‍ എടുത്തുകാട്ടി.
മുഹറഖ് ഗവര്‍ണറേറ്റിലെ സോഷ്യല്‍ പ്രോഗ്രാംസ് ആന്‍ഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഹമദ് മുഹമ്മദ് അല്‍ ജൗദര്‍, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയിലെ ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് ലൈസന്‍സിംഗ് ഡയറക്ടര്‍ മജീദ് അല്‍ മജീദ്, ബഹ്റൈന്‍ രാജ്യത്തിലെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എംബസിയിലെ സാമ്പത്തിക, വാണിജ്യ കൗണ്‍സിലര്‍ കോണ്‍സല്‍ ജനറല്‍ ഷൗ ചുന്‍ലിന്‍ ശ്രീ എന്നിവര്‍ പങ്കെടുത്തു.
ദിയാര്‍ അല്‍ മുഹറഖിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡ്രാഗണ്‍ സിറ്റി ബഹ്റൈന്‍ ബോര്‍ഡ് അംഗവുമായ എഞ്ചിനീയര്‍ അഹമ്മദ് അല്‍ അമ്മാദി പരിപാടിയില്‍ സ്വാഗതം പറഞ്ഞു. പൊതു, സ്വകാര്യ മേഖലയിലെ പങ്കാളികളില്‍ നിന്നുള്ള പിന്തുണ കഴിഞ്ഞ ദശകത്തില്‍ പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അല്‍ അമ്മാദി പറഞ്ഞു.
ബാറ്റെല്‍കോയുമായി സഹകരിച്ച് ഹുവാവേയുടെ പിന്തുണയോടെ ഡ്രാഗണ്‍ സിറ്റി ബഹ്റൈന്റെ പുതിയ വൈ-ഫൈ 7 നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 2015 മുതല്‍ 70 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്ത ഡ്രാഗണ്‍ സിറ്റി ബഹ്റൈന്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുടുംബ ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായി തുടരുന്നു.









