മനാമ: ഈ വര്‍ഷം രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലുമായി 300 റീസൈക്ലിംഗ് ബിന്നുകള്‍ വിതരണം ചെയ്തതായി മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്‍ഡ് കൃഷി മന്ത്രാലയം അറിയിച്ചു. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 279 ടണ്‍ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ ശേഖരിച്ചതായി മന്ത്രാലയം അണ്ടര്‍-സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
പ്രാദേശിക റീസൈക്ലിംഗ് സ്ഥാപനങ്ങളുമായും സര്‍ക്കാരിതര സംഘടനകളുമായും സഹകരിച്ച് ക്ലീനിംഗ് കമ്പനികള്‍ ഈ ബിന്നുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്നുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. രാജ്യത്ത് ഓരോ റീസൈക്ലിംഗ് പോയിന്റിലും ഗ്ലാസ്, പ്ലാസ്റ്റിക്, ലോഹങ്ങള്‍, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് എന്നിവയ്ക്കായി പ്രത്യേക ബിന്നുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
എല്ലാ ക്ലീനിംഗ് ബിന്നുകളിലും സെന്‍സര്‍ സംവിധാനങ്ങളുമുണ്ട്. ബിന്നുകള്‍ നിറഞ്ഞാല്‍ ഈ സെന്‍സര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാം. ഇലക്ട്രോണിക് സംവിധാനം വഴിയാണ് ഈ ബിന്നുകള്‍ നിരീക്ഷിക്കുക. ഇതോടൊപ്പം എല്ലാ മേഖലകളിലും പൊതു ശുചിത്വം പാലിക്കുന്നതിനായി ക്ലീനിംഗ് വാഹനങ്ങളും ട്രാക്ക് ചെയ്യുന്നുണ്ട്.









