മനാമ: നിരവധി സാമ്പത്തിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി ബഹ്റൈന്‍ മന്ത്രിസഭ. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് വരും വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
പ്രധാന പദ്ധതികള്‍
1. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുടനീളം സേവന നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം ഭരണപരമായ ചെലവുകള്‍ 20% കുറയ്ക്കാന്‍ തീരുമാനമായി. ഇത് നടപ്പാക്കാന്‍ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയെ ചുമതലപ്പെടുത്തി.
2. സംസ്ഥാന ബജറ്റിലേക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സംഭാവന വര്‍ദ്ധിപ്പിച്ചു.
3. 200,000 ദിനാറില്‍ കൂടുതല്‍ ലാഭമുള്ള പ്രാദേശിക കമ്പനികളില്‍ നിന്നും 10% നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. പാര്‍ലമെന്റിന്റെ അംഗീകാം ലഭിച്ചാല്‍ 2027 മുതല്‍ നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.
4. ചതുരശ്ര മീറ്ററിന് 100 ഫില്‍സ് എന്ന പ്രതിമാസ ഫീസ് ഏര്‍പ്പെടുത്തി പൂര്‍ണ്ണ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കാത്ത നിക്ഷേപ ഭൂമികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തീരുമാനം. 2027 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
5. 2026 ജനുവരി മുതല്‍ പൗരന്മാരുടെ പ്രാഥമിക വസതികള്‍ ഒഴികെ, ജല ഉപഭോഗത്തിന്റെ 20% എന്ന നിരക്കില്‍ മലിനജല സേവന ഫീസ് ഈടാക്കും.
6. ബഹ്റൈന്‍ പൗരന്മാര്‍ക്ക് തൊഴില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി 2026 ജനുവരി മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള പ്രവാസികള്‍ക്കുള്ള തൊഴില്‍, ആരോഗ്യ ഫീസ് പുനപ്പരിശോധിക്കും.
7. 2026 ജനുവരി മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും യഥാര്‍ത്ഥ ഉപഭോഗച്ചെലവ് വരുന്ന രീതിയില്‍ പ്രകൃതിവാതക വില ക്രമീകരിക്കും.
8. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ സുഗമമാക്കും.









