മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നവംബര്‍ 29ന് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്.
മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 122500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഫൈനല്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് 9520 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. ഒഎംആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷയില്‍ 3200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി.
കമ്പ്യൂട്ടറൈസ്ഡ് വാല്വേവേഷന്‍ സിസ്റ്റത്തില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു.
ബഹ്‌റൈന്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികളായ മിസ്‌ന ഫാത്തിമ (റിഫ), മന്‍ഹ ഫാത്തിമ (റിഫ) എന്നിവര്‍ മൂന്നാം റാങ്കും ഇഷ മെഹ്‌റിന്‍ റിയാസ് (ഉമ്മുല്‍ ഹസം), മാഹിറ ഫാത്വിമ (റിഫ) അഞ്ചാം റാങ്കും കരസ്ഥമാക്കി ഉന്നത വിജയം നേടി. വിജയികളെ സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റിയും ഐസിഎഫ് ബഹ്‌റൈന്‍ മോറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും അഭിനന്ദിച്ചു.









