മനാമ: തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കാനായി പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ വിസ) ഫീസില്‍ വിവിധ ഘട്ടങ്ങളിലായി വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍, നിയമകാര്യ മന്ത്രി യൂസിഫ് ഖലഫ്. 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫീസ് വര്‍ദ്ധനവ് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ബാധകമാണ്.
അടുത്ത നാല് വര്‍ഷം കൊണ്ട് ഫീസ് വര്‍ദ്ധനവ് പൂര്‍ണമായി നടപ്പാക്കും. ഓരോ വര്‍ഷവും ക്രമാനുഗതമായി ഫീസ് കൂട്ടി 2029 ഓടെയാണ് വര്‍ദ്ധനവ് പൂര്‍ണമായും നടപ്പാക്കുക. നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് ബഹ്റൈനില്‍ ഈടാക്കുന്ന വര്‍ക്ക് പെര്‍മിറ്റ് ഫീസ് 100 ബഹ്റൈന്‍ ദിനാറാണ്. ഇത് 2026 ല്‍ 105 ദിനാറായും 2027 ല്‍ 111 ദിനാറായും 2028 ല്‍ 118 ദിനാറായും 2029 ല്‍ 125 ദിനാറായും ഉയര്‍ത്തും.
അതേസമയം, എല്ലാ മാസവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് അടക്കേണ്ട ഫീസിലും ആനുപാതിക വര്‍ദ്ധനവ് ഉണ്ടാകും. ഫീസ് 2026 ല്‍ 5 ബഹ്റൈന്‍ ദിനാറും, 2027 ല്‍ 10 ബഹ്റൈന്‍ ദിനാറും, 2028 ല്‍ 20 ബഹ്റൈന്‍ ദിനാറും, 2029 ല്‍ 30 ബഹ്റൈന്‍ ദിനാറും ആയി വര്‍ദ്ധിക്കും.
ഇതോടൊപ്പം പ്രവാസികളുടെ വാര്‍ഷിക മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഫീസിലും വര്‍ദ്ധനവ് വരുത്തും. നിലവില്‍ 72 ദിനാറാണ് പ്രവാസികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസ്. അത് 2026 ല്‍ 90 ദിനാറായും 2027 ല്‍ 108 ദിനാറായും 2028 ല്‍ 126 ദിനാറായും 2029 ല്‍ 144 ദിനാറായും ഉയര്‍ത്തും.









