മനാമ: കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച രചനകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
പ്രവാസികള്‍ക്കിടയില്‍ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവനകള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് കലാലയം പുരസ്‌കാരം ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒപിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ കവിത പുരസ്‌കാരത്തിനും അര്‍ഹത നേടി.
കെടി സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്. രചനാശൈലിയിലെ സവിശേഷതകള്‍ കൊണ്ടും പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടും മികച്ചുനില്‍ക്കു ന്നവയാണ് തിരഞ്ഞെടുക്കപ്പെട്ട കൃതികളെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്‌കാരിക സാഹചര്യങ്ങളോട് മൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് സംവദിക്കുന്ന രചനകള്‍ വര്‍ത്തമാന കാലത്ത് വലിയ പ്രതീക്ഷയാണെന്നും ജൂറി വിലയിരുത്തി. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയില്‍ ഫലകവും അനുമോദന പത്രവും നല്‍കും.









