മനാമ: ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ 2026 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈര്‍ എംഎം പ്രസിഡന്റും മുഹമ്മദ് മുഹിയുദ്ധീന്‍ ജനറല്‍ സെക്രട്ടറിയുമാണ്.
ബഹ്റൈനിലെ വ്യാപാര- ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈര്‍ എംഎം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം. ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുഹമ്മദ് മുഹിയുദ്ധീന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരി ആണ്. മികച്ച സംഘാടകനായ ഇദ്ദേഹം സീനിയര്‍ സപ്ലൈ ചെയിന്‍, കോണ്‍ട്രാക്ട്‌സ് സ്‌പെഷ്യലിസ്റ്റ് ആണ്. ആഗോള എണ്ണ, വാതക മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം സ്ട്രാറ്റജിക് സോഴ്സിംഗ് വിദഗ്ദ്ധനും കൂടിയാണ്.
സഈദ് റമദാന്‍ നദ്വി, ജമാല്‍ ഇരിങ്ങല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സക്കീര്‍ ഹുസൈന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയുമാണ്. ജാസിര്‍ പിപി, ജലീല്‍ വി, അനീസ് വികെ, ലുബൈന ഷഫീഖ്, റഷീദ സുബൈര്‍, ഫാത്തിമ സ്വാലിഹ്, അജ്മല്‍ ശറഫുദ്ദീന്‍, യൂനുസ് സലിം, മുഹമ്മദ് ഷാജി, സജീബ്, ഗഫൂര്‍ മൂക്കുതല എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. സഈദ് റമദാന്‍ നദ്വി സ്വാഗതം പറഞ്ഞ യോഗത്തില്‍ സുബൈര്‍ എംഎം അധ്യക്ഷനായിരുന്നു.









