മനാമ: ബഹ്റൈന്‍ പ്രവാസലോകത്തെ സജീവ സാന്നിധ്യമായിരുന്ന മുന്‍ പ്രവാസിയും മുന്‍ സമാജം ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറിയുമായിരുന്ന പിപി സുകുമാരന് കൈത്താങ്ങായി ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ (ബികെഎസ്) ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിനാവശ്യമായ ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നാലപ്പത് വര്‍ഷക്കാലത്തോളം ബഹ്റൈനില്‍ പ്രവാസിയായിരുന്നു പിപി സുകുമാരന്‍. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന താക്കോല്‍ദാന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുത്തു.
കേരളത്തിലെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് പിവി രാധാകൃഷ്ണപിള്ളയുടെയും വര്‍ഗീസ് കാരയ്ക്കലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമാജമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന ശൈലിയാണ് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവര്‍ത്തനഘടനയെന്നും തന്റെ നിയോജകമണ്ഡലമായ ഹരിപ്പാട് മണ്ഡലത്തില്‍ തന്നെ രണ്ട് വീടുകളാണ് പിവി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ബഹറൈന്‍ മലയാളികളുടെ ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്നതാണ് ബികെഎസിന്റെ സവിശേഷതയെന്നും, പിപി സുകുമാരന് വീട് നിര്‍മ്മിച്ചു നല്‍കുന്നതില്‍ മുന്‍ ബഹ്റൈന്‍ പ്രവാസികള്‍ നല്‍കിയ സഹകരണത്തെ നന്ദിയോടെ സ്മരിക്കുന്നതായും പിവി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഭവന പദ്ധതിയിലൂടെ 35 ഓളം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കിയതായി രാധാകൃഷ്ണപിള്ള അറിയിച്ചു.









