മനാമ: മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് സമാപിച്ചു. ബു മാഹിര്‍ സീഷോര്‍ മുതല്‍ പേള്‍ മ്യൂസിയം- സിയാദി മജ്ലിസ് വരെയുള്ള പെളിംഗ് പാതയിലാണ് ഫെസ്റ്റിവല്‍ നടന്നത്. 560-ലധികം പരിപാടികളും 800-ലധികം സംഗീത പ്രകടനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ കലാപ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ടൂറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയും നടന്നു. വൈവിധ്യമാര്‍ന്ന കലാ പ്രദര്‍ശനങ്ങള്‍, ഇന്‍സ്റ്റലേഷന്‍ പ്രോജക്ടുകള്‍, ദൃശ്യാനുഭവങ്ങള്‍, ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.
ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെ ശ്രമങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ പിന്തുണയ്ക്ക് ബിഎസിഎ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നന്ദി പറഞ്ഞു. ഷെയ്ഖ് ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ ഖലീഫ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച്, അല്‍ റിവാഖ് ആര്‍ട്ട് സ്പേസ്, ദി ആര്‍ട്ട് സ്റ്റേഷന്‍, അല്‍ബാരെ ആര്‍ട്ട് സ്പേസ്, ആര്‍ട്ട് കണ്‍സെപ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക സാംസ്‌കാരിക, കലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.









