മനാമ: വ്യാജ ട്രാവല്‍ പാക്കേജുകള്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഉടമയെയും മറ്റൊരു വ്യക്തിയെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി, സാമ്പത്തിക, സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ സാമ്പത്തിക കുറ്റകൃത്യ വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിലവിലില്ലാത്ത യാത്രാ ഓഫറുകള്‍ നല്‍കി വഞ്ചിക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇരകള്‍ ഒന്നിലധികം പരാതികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് 67 ഉം 46 ഉം വയസ്സുള്ള രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം, യാത്രാ, ടൂറിസം സേവന ദാതാക്കളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും പറഞ്ഞു. ഓഫറുകളുടെയും ബുക്കിംഗുകളുടെയും ആധികാരികത പരിശോധിക്കണമെന്നും പരാതികള്‍ 992 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചോ ‘മൈ ഗവണ്‍മെന്റ്’ ആപ്ലിക്കേഷന്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജനറല്‍ ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.









