മനാമ: ബഹ്‌റൈനില്‍ എടിഎമ്മിന് തീയിട്ട് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ നയീം പ്രദേശത്തെ ഒരു ദേശീയ ബാങ്കിന്റെ എടിഎമ്മിനാണ് തീയിട്ടത്. സംഭവത്തില്‍ ഹസന്‍ കാസിം അബ്ദുള്‍കരീം (19), അലി ഇബ്രാഹിം അബ്ദുള്‍ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ് ആണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹസന്‍ കത്തുന്ന വസ്തു എടിഎമ്മിന് സമീപം ഒഴിച്ച്, സ്‌ഫോടനം നടത്താനുള്ള ഉദ്ദേശത്തോടെ ഒരു ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ചുവെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, രണ്ടാമത്തെ പ്രതി സംഭവത്തിന് മുമ്പ് സ്ഥലം മുന്‍കൂട്ടി പരിശോധിച്ച് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിച്ചു. വിശദമായ ആസൂത്രണം, ഏകോപനം എന്നിവ പ്രതികള്‍ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. രണ്ട് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതു സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധരാണെന്നും ക്രിമിനല്‍ അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.









