മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ പുതിയ കണക്കുകള്‍ പ്രകാരം ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രതിമാസം 200 ദിനാറിന് താഴെ ശമ്പളം വാങ്ങുന്നവര്‍. ഏകദേശം 473,323 തൊഴിലാളികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 336,746 പേര്‍ പ്രതിമാസം 200 ദിനാറിന് താഴെ ശമ്പളം വാങ്ങുന്നവരാണ്.
ആകെ തൊഴിലാളികളില്‍ 423,413 പേര്‍ പുരുഷന്‍മാരാണ്, അതായത് 89.3 ശതമാനം. 49,910 പേര്‍ സ്ത്രീകളാണ്, അതായത് 11.7 ശതമാനം. 64,036 പ്രവാസി തൊഴിലാളികള്‍ 200 ദിനാറിനും 399 ദിനാറിനും ഇടയില്‍ പ്രതിമാസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇത് ആകെ പ്രവാസി തൊഴിലാളികളുടെ 14 ശതമാനമാണ്.
പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ ശരാശരി പ്രതിമാസ വേതനം ഏകദേശം 919 ദിനാറാണ്. രണ്ട് മേഖലകളിലുമായി 157,213 ബഹ്റൈനി തൊഴിലാളികളുണ്ട്. ഇതില്‍ 105,503 പേര്‍ സ്വകാര്യ മേഖലയിലും 51,710 പേര്‍ പൊതുമേഖലയിലും ജോലി ചെയ്യുന്നു. പൊതുമേഖലയില്‍ പ്രതിമാസം 973 ദിനാറും സ്വകാര്യ മേഖലയില്‍ ഏകദേശം 892 ദിനാരുമാണ് ബഹ്റൈനികളുടെ ശരാശരി ശമ്പളം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് മേഖലകളിലുമായി ബഹ്റൈനി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു. 2021 ല്‍ ഏകദേശം 145,849 ആയിരുന്നത് 2024 അവസാനത്തോടെ 145,894 ആയി, തുടര്‍ന്ന് 2025-ലെ മൂന്നാം പാദത്തില്‍ തൊഴിലാളികളുടെ എണ്ണം 157,000 ആയി വര്‍ധിച്ചു.









