മനാമ: രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നിലധികം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച അഞ്ച് ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. അടച്ചുപൂട്ടല്‍ നടപടി ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള സേവനം നിലനിര്‍ത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള സ്ഥാപനങ്ങള്‍ ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പതിവായി പരിശോധനാ സന്ദര്‍ശനങ്ങളും നിരീക്ഷണ കാമ്പെയ്നുകളും നടത്തുന്നത് തുടരുമെന്ന് ബിടിഇഎ അറിയിച്ചു. ടൂറിസം നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1986 ലെ ഡിക്രി നിയമം നമ്പര്‍ (15) അനുസരിച്ചാണ് ഈ നടപടികള്‍ നടപ്പാക്കുന്നത്.









