മനാമ: കുറഞ്ഞ വരുമാനം ലഭിക്കുന്ന തൊഴിലാളികളുടെ ജീവിതച്ചെലവ് അലവന്‍സ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എംപിമാര്‍ അടിയന്തര നിര്‍ദ്ദേശം സമര്‍പ്പിച്ചു. എംപി സൈനബ് അബ്ദുള്‍അമീര്‍, ഖാലിദ് ബുവാനഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ അവധി, ഇമാന്‍ ഷുവൈറ്റര്‍ എന്നിവര്‍ ഈ നിര്‍ദ്ദേശത്തില്‍ ഒപ്പുവച്ചു.
ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ജീവിതച്ചെലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ നേരത്തെ നല്‍കിയിരുന്ന അലവന്‍സ് തുടരണം എന്നാണ് എംപിമാരുടെ നിര്‍ദ്ദേശത്തിലുള്ളത്.
അലവന്‍സ് നിര്‍ത്തിവെച്ചത് മൂലം ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിച്ചുവെന്നും ഇത് വരുമാനവും അടിസ്ഥാന ആവശ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും എംപിമാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.
താഴ്ന്ന വരുമാനക്കാര്‍ക്ക് തുടര്‍ച്ചയായ സാമ്പത്തിക സഹായം നല്‍കുക, സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ പ്രത്യേകിച്ച് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരെ അലവന്‍സിന് അര്‍ഹരായ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവരിക, സാധനങ്ങളുടെയും സേവനങ്ങളുടെയും ഉയര്‍ന്ന വിലയുമായി ബന്ധപ്പെട്ട ഭാരം ലഘൂകരിക്കുക എന്നിവയാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ പറഞ്ഞു.









