മനാമ: രണ്ട് പതിറ്റാണ്ടിലേറെയായി വിമാനയാത്രയോടുള്ള കടുത്ത ഭയ (എയറോഫോബിയ) ത്തോട് പോരാടിയ പ്രവാസി മലയാളി നാടണഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആശ വിപിയാണ് 25 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയത്.
1996ല്‍ നടന്ന ചര്‍ഖി ദാദ്രി വിമാനാപകടത്തെ (1996 നവംബര്‍ 12നാണ് ചര്‍ഖി ദാദ്രി വിമാന അപകടം നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോയ സൗദി എയര്‍ലൈന്‍സിന്റെ ബോയിംഗ് 747 വിമാനവും കസാഖിസ്ഥാനില്‍ നിന്ന് 37 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് വന്ന കസാഖിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ ഇല്യുഷിന്‍ ഇല്‍76 വിമാനവും തമ്മില്‍ ഹരിയാനയിലെ ചര്‍ഖി ദാദ്രിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ദുരന്തത്തില്‍ ഇരുവിമാനങ്ങളില്‍ നിന്നുമായി 349 പേര്‍ കൊല്ലപ്പെട്ടു.) കുറിച്ച് അറിഞ്ഞതോടെ വിമാനയാത്രയോടുള്ള കടുത്ത ഭയം ആശയെ പിടികൂടി.
അക്കാലത്ത് സൗദി അറേബ്യയില്‍ ആയിരുന്നു ആശയുടെ കുടുംബം താമസിച്ചിരുന്നത്. 2002 ല്‍ കുടുംബം സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് താമസം മാറി. ആശയുടെ ഭയം കാരണം റോഡ് മാര്‍ഗമാണ് ബഹ്‌റൈനില്‍ എത്തിയത്.
വര്‍ഷങ്ങളായി ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ആശയ്ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. പലപ്പോഴും വിമാനത്താവളത്തിലെത്തിയിട്ടും അവര്‍ യാത്ര ചെയ്യാതെ പിന്മാറി. ഇക്കാലയളവില്‍ കൗണ്‍സിലിംഗും തെറാപ്പിയുമാണ് ആശ്വാസം നല്‍കിയത്.
ബഹ്റൈനിലെയും നാട്ടിലെയും കുടുംബാംഗങ്ങളില്‍ നിന്ന് നിരന്തരമായ പിന്തുണയും ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ പതിറ്റാണ്ടുകളായി മാറി. ഒടുവില്‍ 25 വര്‍ഷത്തിന് ശേഷം തന്റെ ഭയത്തെയും ഉത്കണ്ഠകളെയും മറികടന്ന് ആശ നാട്ടിലേക്ക് പറന്നു.









