റീസൈക്കിൾഡ് മെറ്റീരിയൽസ് ഉപയോഗിച്ച് റോഡ് നിർമിക്കുന്നതിനുള്ള പദ്ധതിയുമായി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിൽ ആദ്യമായി റീസൈക്കിൾഡ് മെറ്റീരിയൽസ് ഉപയോഗിച്ച് റോഡ് നിർമിക്കുന്നതിനുള്ള പദ്ധതി ഒരുങ്ങുന്നു. 250 മീറ്റർ ദൈർഘ്യമുള്ള പ്രവൃത്തിയെക്കുറിച്ച് വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ ഇസ്സാം ഖലാഫ് പ്രഖ്യാപിച്ചു. ഈ പദ്ധതി മാലിന്യ സംസ്കരണത്തിനും പുനരുപയോഗ പദ്ധതികൾക്കുമായുള്ള ദേശീയ തന്ത്രത്തിന്റെ ഭാഗമാണ്. പരീക്ഷിച്ച മെറ്റീരിയലുകൾ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി വീണ്ടും പ്രോസസ്സ് ചെയ്യും. ഡറക്ടറേറ്റ്സ് ഓഫ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, റോഡ് പ്രോജെക്ടസ് ആൻഡ് മൈന്റെനൻസ് ആണ് ഇത്തരത്തിലുള്ള ആദ്യ പദ്ധതി ഏറ്റെടുക്കുന്നത്.

റോഡ് നിർമ്മാണത്തിൽ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുനരുപയോഗം ചെയ്ത വസ്തുക്കൾ അസ്ഫാൽറ്റിന് മുമ്പുള്ള മണ്ണിന്റെ പാളികൾക്ക് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാരംഭ ഫലങ്ങൾ വിലയിരുത്താൻ ഒരാഴ്ച എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രമരഹിതമായ സാമ്പിളുകളിലെ ലാബ് പരിശോധന വിജയകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലുടനീളമുള്ള റോഡ് നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളുമായി ഈ വസ്തുക്കൾ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, റോഡുകൾ നിർമ്മിക്കുന്നതിലും നടപ്പാത നവീകരിക്കുന്നതിലും ഒരേ നടപടിക്രമം ഉപയോഗിക്കാൻ കമ്പനികളോട് നിർദ്ദേശിക്കും.മൊത്തത്തിലുള്ള മാലിന്യങ്ങളിൽ പ്രതിവർഷം അഞ്ച് ശതമാനം കുറയ്ക്കുകയും 2030 ഓടെ മാലിന്യങ്ങൾ പകുതിയാക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.