മനാമ: പ്രവാസ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റൈന്റെ മുതിർന്ന കുടുംബാംഗം അഹമ്മദ് റഫീഖിന് പ്രവാസി വെൽഫെയർ യാത്രയപ്പ് നൽകി. കണ്ണൂർ താണ സ്വദേശിയായ അഹമ്മദ് റഫീഖ് ബഹ്റൈനിലും സൗദി അറേബ്യയിലുമായി 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യക്തിയാണ്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജന സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അഹമ്മദ് റഫീഖ് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് പ്രവാസി വെൽഫെയർ ബഹ്റൈൻ യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാക്ക് പാലേരി അഹമ്മദ് റഫീഖിന് പ്രവാസി വെൽഫയറിന്റെ ഉപഹാരം നൽകി. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിക്കുകയും ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജോഷി ജോസഫ് പത്തനംതിട്ട, ഷാഹുൽ ഹമീദ് വെന്നിയൂർ, സി.എം. മുഹമ്മദലി, സബീന ഖാദർ, സിറാജ് പള്ളിക്കര, അനസ് കാഞ്ഞിരപ്പള്ളി, അബ്ദുള്ള കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവാസി വെൽഫെയർ നൽകിയ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിയ അഹമ്മദ് റഫീഖ് തുടർന്ന് നാട്ടിലും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി പ്രവർത്തിക്കും എന്ന് അറിയിച്ചു.









