മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ‘കേരള ഗാലക്‌സി ബഹ്റൈന്‍’ പുതുവര്‍ഷം വിപുലമായി ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം പങ്കുവെച്ച ചടങ്ങില്‍ വെച്ച് സംഘടനയുടെ 2026 ലേക്കുള്ള പുതിയ ഭാരവാഹികളെയും പ്രവര്‍ത്തന പദ്ധതികളെയും പ്രഖ്യാപിച്ചു. ചെയര്‍മാന്‍ വിജയന്‍ കരുമല ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം നൂറോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചത് സംഘടനയുടെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലേക്ക് പുതിയ അംഗങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ചാരിറ്റി കണ്‍വീനര്‍ ഗഫൂര്‍ മയ്യന്നൂര്‍ നിര്‍വ്വഹിച്ചു. വരും വര്‍ഷം അത്യാഹിത ഘട്ടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന ‘എമര്‍ജന്‍സി ചാരിറ്റി’ പദ്ധതിക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ജയപ്രകാശ്, വിനോദ് അരൂര്‍, പ്രഗീഷ് ബാല, അജിത്, അനില്‍, ബിജു, രവി, സബിന, ബിന്ദു പ്രവിള, സന്ധ്യ, ജയന്തി, സുശീല, റാഷിദ്, മീനു എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.









