മനാമ: ബഹ്‌റൈനില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് അസോസിയേഷനായ ഭാരതി അസോസിയേഷന്‍ ജനുവരി 16 ന് പൊങ്കല്‍ ആഘോഷം സംഘടിപ്പിക്കുന്നു. സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് സഹകരണത്തോടെ ഇന്ത്യന്‍ ക്ലബ്ബില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍, തമിഴ് പ്രവാസികള്‍ക്കിടയില്‍ വലിയ സാംസ്‌കാരിക പ്രധാന്യമുള്ള ആഘോഷമാണ്. തമിഴരുടെ ഉത്സവം എന്നറിയപ്പെടുന്ന തൈപ്പൊങ്കല്‍, തമിഴ് കലണ്ടറിലെ തൈ മാസത്തിന്റെ ആദ്യദിനത്തോടൊപ്പമാണ് ആഗതമാകുന്നത്.
ഇന്ത്യന്‍ ക്ലബില്‍ ജനുവരി 16 ന് രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളായി വിഭജിച്ചിച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുക. പൊങ്കല്‍ ആഘോഷം രാവിലെ 7.30 മണിക്ക് കോലമിടല്‍ മത്സരത്തോടെ ആരംഭിക്കും. വടംവലി, ഉറിയടി തുടങ്ങിയ നിരവധി കായിക മത്സരങ്ങള്‍ നടക്കും. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ നൂറുകണക്കിന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മാവിന്റെ ഇല, കരിമ്പ്, പൂക്കള്‍, വാഴ എന്നിവയാല്‍ വേദി അലങ്കരിക്കപ്പെടും. ഈ വേദിയില്‍ വെച്ചാണ് പുതിയ മണ്‍പാത്രങ്ങളില്‍ വെണ്‍പൊങ്കല്‍ പാചകം ചെയ്യുക. തുടര്‍ന്ന് വിവിധതരം തമിഴ് വിഭവങ്ങള്‍ നിറഞ്ഞ പൊങ്കല്‍ വിരുന്നു നടക്കും. ‘ഒയില്‍ ആട്ടം’, ‘പറൈ ആട്ടം’, ‘കാവടി ആട്ടം’, ‘കരകാട്ടം’, വൈവിധ്യമാര്‍ന്ന നാടോടി നൃത്തങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം തമിഴ് പരമ്പരാഗത നൃത്തങ്ങള്‍ അവതരിപ്പിക്കും. ഏകദേശം 62 പേര്‍ നൃത്ത പ്രകടനത്തില്‍ പങ്കെടുക്കും.
60 ത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന കുമ്മി നൃത്ത അവതരണവുമുണ്ടാകും. നൃത്ത അധ്യാപിക നിര്‍ത്യ കലാരത്‌ന ഹന്‍സുല്‍ ഗനിയാണ് എല്ലാ നൃത്തങ്ങള്‍ക്കും കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. വൈകീട്ടുള്ള സെഷനില്‍ തമിഴ് സിനിമാ സെലിബ്രിറ്റികള്‍ അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര, മിമിക്രി, മറ്റുപ്രകടനങ്ങള്‍ നടക്കും. ആഘോഷത്തില്‍ ബഹ്റൈനിലെ തമിഴ് സമൂഹത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.









