മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം ജനുവരി 16 വെള്ളി രാത്രി എട്ടിന് സല്‍മാനിയ കെ സിറ്റി ഹാളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് സാരഥിയും മര്‍കസ് ഉപാദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അല്‍ അസ്ഹരി സമ്മേളനത്തില്‍ മുഖ്യാതിഥിയാവും.
മനുഷ്യര്‍ക്കൊപ്പം ശീര്‍ഷകത്തില്‍ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നിന്നും ആരംഭിച്ച കേരള യാത്ര ഇതിനകം മലപ്പുറം ജില്ല പിന്നിട്ടു. സയ്യിദ് ഇബ്രാഹിം ഖലില്‍അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകന്‍മാരായ യാത്ര മറ്റു ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് സമാപിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐസിഎഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണര്‍ത്തു യാത്ര, ജനസമ്പര്‍ക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങള്‍, സ്‌നേഹ സംഗമങ്ങള്‍ എന്നിവ വിവിധ ഘടകങ്ങളിലായി നടന്നു വരുന്നു. ബഹ്‌റൈനിലെ എട്ട് റീജിയന്‍ കമ്മിറ്റികളുടെ നേത്യത്വത്തില്‍ നടക്കുന്ന ഉണര്‍ത്തു ജാഥക്ക് 42 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് കെകെ അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെസി സൈനുദ്ധീന്‍ സഖാഫി, സുലൈമാന്‍ ഹാജി, അഡ്വ. എംസി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ് രി, മുസ്തഫ ഹാജി കണ്ണപുരം, സിഎച്ച് അഷ്‌റഫ്, സിയാദ് വളപട്ടണം, ശമീര്‍ പന്നൂര്‍ സംബന്ധിച്ചു.









