മനാമ: ബഹ്‌റൈനില്‍ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി ചുമത്തുന്നതിനുള്ള പുതിയ നിയമഭേദഗതി പാര്‍ലമെന്റില്‍. നിലവില്‍ പുകയില ഉത്പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നൂറു ശതമാനം നികുതിയില്‍ മാറ്റം വരുത്തില്ല.
എക്‌സൈസ് നികുതി ഭരണസംവിധാനത്തിന്റെ ചുമതല ധനമന്ത്രാലയത്തില്‍ നിന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവിലേക്ക് മാറ്റുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് സംബന്ധിച്ചുള്ള നിയമ ഭേതഗതിക്കുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ഇതുപ്രകാരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രാജകീയ ഉത്തരവിന്റെ പിന്തുടര്‍ച്ചയായി 2025 ഡിസംബര്‍ 31 ന് പുറപ്പെടുവിച്ച 2025 ലെ ഡിക്രി നമ്പര്‍ (78) പ്രകാരമുള്ള ഭേദഗതികള്‍ പ്രതിനിധി കൗണ്‍സിലിന് കൈമാറി. രാജ്യത്തുടനീളം ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതികളുടെ ലക്ഷ്യം.
നൂറ് മില്ലി ലിറ്ററില്‍ അഞ്ച് ഗ്രാമില്‍ താഴെ മാത്രം പഞ്ചസാരയുള്ള പാനീയങ്ങള്‍ക്കും കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്ന ഷുഗര്‍-ഫ്രീ പാനീയങ്ങള്‍ക്കും നികുതിയില്‍ നിന്നും ഒഴിവാക്കും. അതോടൊപ്പം 100 മില്ലി ലിറ്ററില്‍ അഞ്ച് ഗ്രാം മുതല്‍ 7.099 ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ലിറ്ററിന് 0.079 ബഹ്‌റൈന്‍ ദിനാര്‍ നികുതി നല്‍കണം. 100 മില്ലി ലിറ്ററിന് എട്ട് ഗ്രാമോ അതില്‍ കൂടുതലോ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ലിറ്ററിന് 0.109 ദിനാറും ഈടാക്കും.
ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള ധാരണകള്‍ക്കനുസൃതമായി കൂടുതല്‍ ഉത്പ്പന്നങ്ങളെ എക്‌സൈസ് നികുതി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. കരട് നിയമം നിലവില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക-നിയമകാര്യ സമിതിയുടെ പരിഗണനയിലാണ്.









