മനാമ: ബഹ്റൈനില്‍ പരസ്യങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഇല്‍ അല്‍ മുബാറക് പറഞ്ഞു. സാങ്കേതിക, ഭരണ, ഭാഷാപരമായ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കുന്ന അപേക്ഷകളിലാണ് വേഗത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പരസ്യങ്ങള്‍ എങ്ങനെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഷൂറ കൗണ്‍സില്‍ അംഗം ഡോ. ഇബ്തിസാം അല്‍ ദല്ലാല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റിയിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 18 അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെ സര്‍വീസ് ലൈസന്‍സിംഗ് വകുപ്പുകള്‍ വഴി എത്തുന്ന പരസ്യ ലൈസന്‍സ് അപേക്ഷകള്‍ അവലോകനം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ഓരോ മുനിസിപ്പാലിറ്റിയില്‍ നിന്നും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെ പരസ്യ പരിശോധനയ്ക്കും നിയന്ത്രണത്തിനും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ലൈസന്‍സിനായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ നാഷണല്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയോ ഡിജിറ്റല്‍ അപേക്ഷ സമര്‍പ്പിക്കാം.









