മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ മാധവ് ധനഞ്ജയ ഗാഡ്ഗില്‍ കേരളത്തില്‍ പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ആയിരുന്നു എന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു. പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുര്‍ബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗില്‍ കേരളത്തിന് സുപരിചിതനായത്.
കേരളത്തില്‍ 2018 ലും പിന്നീട് തുടര്‍ച്ചയായും സംഭവിച്ച പ്രളയവും ഉരുള്‍പൊട്ടലുകളും അദ്ദേഹം മുന്‍കൂട്ടി കാണുകയും കേരളത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പ്രകൃതിയുടെ അവകാശവും മനുഷ്യന്റെ ഉത്തരവാദിത്വവുമെന്ന ആശയത്തെ ആധാരമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവല്‍കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്‌നേഹി ആയിരുന്നു എന്ന് അനുസ്മരണത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു.
രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചരണത്തിന് സമൂഹത്തെ ഉണര്‍ത്തുകയായിരുന്നു. മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവച്ചതിലൂടെ ഗാഡ്ഗില്‍ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോര്‍ട്ടുകളും പൊതുചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാഡ്ഗിലിന്റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങള്‍ക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു. ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, സബീന അബ്ദുല്‍ ഖാദര്‍, ഇര്‍ഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീന്‍ പൂവാര്‍ എന്നിവര്‍ സംസാരിച്ചു.









