മനാമ: 1869 മുതല്‍ 1932 വരെ ബഹ്റൈന്റെയും ആശ്രിത രാജ്യങ്ങളുടെയും ഭരണാധികാരിയും ആധുനിക രാഷ്ട്രത്തിന്റെ സ്ഥാപകനുമായ ഹിസ് ഹൈനസ് ഈസ ബിന്‍ അലി അല്‍ ഖലീഫയുടെ സ്മരണയ്ക്കായി 2026 വര്‍ഷത്തെ ‘ഈസ അല്‍ കബീര്‍ വര്‍ഷമായി’ പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും നിയമ-സിവില്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കിനെ ആദരിക്കുന്നതിനാണ് ഈ തീരുമാനം. സഖീര്‍ കൊട്ടാരത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.
സ്ഥാപനപരമായ ഭരണം സ്ഥാപിക്കല്‍, സുരക്ഷയും നീതിയും പ്രോത്സാഹിപ്പിക്കല്‍, നീതിന്യായ വ്യവസ്ഥയുടെ വികസനം എന്നിവയുള്‍പ്പെടെ രാഷ്ട്രീയ, ഭരണ, സാമൂഹിക മേഖലകളില്‍ ആധുനിക വല്‍ക്കരണം കൊണ്ടുവന്നത് ഈസ ബിന്‍ അലി അല്‍ ഖലീഫയുടെ ഭരണകാലത്താണ്.
നിയമ, സിവില്‍ സ്ഥാപനങ്ങളുടെ രൂപീകരണം, കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍, കൃഷി, ജലസേചന കൗണ്‍സിലുകള്‍ എന്നിവയുടെ സ്ഥാപനം, ഗള്‍ഫ് മേഖലയിലെ ആദ്യത്തെ മുനിസിപ്പാലിറ്റി സ്ഥാപിക്കല്‍, മനാമയില്‍ ബഹ്റൈനിന്റെ ആദ്യത്തെ പോസ്റ്റ് ഓഫീസ് തുറക്കല്‍, ആരോഗ്യ സേവനങ്ങള്‍ നല്‍കല്‍, ഒരു ക്വാറന്റൈന്‍ സൗകര്യം സ്ഥാപിക്കല്‍, രാജ്യത്തിന്റെ ആദ്യത്തെ ആശുപത്രിയുടെ നിര്‍മ്മാണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന ഔപചാരിക വിദ്യാഭ്യാസം, സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും പിന്തുണ എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് സ്ഥാപിതമായത്.









