മനാമ: പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തൊഴില്‍ സംരംഭങ്ങളില്‍ ബഹ്റൈനികള്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഓരോ ബഹ്റൈനി തൊഴിലന്വേഷകനും 2025 അവസാനിക്കുന്നതിനുള്ളില്‍ മൂന്ന് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കിയതിനെ കുറിച്ചാണ് മന്ത്രിസഭ ചര്‍ച്ച ചെയ്തത്.
രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് മൂന്ന് തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി 5,078 ബഹ്റൈനി പൗരന്മാര്‍ക്ക് തൊഴില്‍ ലഭിച്ചു. 2025 ഉടനീളം പരിശീലന വികസന പരിപാടികള്‍ നടത്തുകയും തൊഴില്‍ വിപണി ശക്തിപ്പെടുത്തുകയും ചെയ്തു.
2026 ല്‍ 25,000 ബഹ്റൈനികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. വര്‍ഷത്തില്‍ 15,000 ബഹ്റൈനികള്‍ക്ക് പരിശീലനം നല്‍കാനും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.









