മനാമ: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ കുടുംബചിത്രം ‘മന ശങ്കര വരാ പ്രസാദ് ഗാരു’ ലോകമെമ്പാടും റിലീസ് ചെയ്തതോടെ ബഹ്‌റൈനിലെ സിനിമാ പ്രേമികൾക്കിടയിൽ വൻ ആവേശം. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ചിത്രത്തിന്റെ ബഹ്‌റൈനിലെ ഗംഭീര പ്രീമിയർ പ്രദർശനങ്ങൾ ടീം ജനസേന ഗൾഫ് സേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
തെലുങ്ക് സമൂഹത്തിന്റെയും വലിയൊരു നിര തന്നെ പ്രീമിയർ ഷോകളിൽ പങ്കെടുത്തു. ശ്രീനിവാസ റാവു ദൊഡിപതി, ഹേമന്ത്, നാഗേശ്വര റാവു ഗെദാല, നരേഷ് റെഡി, ഭാസ്ക്കർ റാവു രായുഡു, ആനന്ദ് രാകുർതി, ശ്രീനിവാസ് പന്തം, സുരേഷ് ബാബു ദൂല, സായി, ശിവ, വെങ്കിടേഷ്, നരസിംഹ, കിരൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിരഞ്ജീവിയുടെ സ്‌ക്രീൻ പ്രസൻസും നയൻതാരയുമായുള്ള കെമിസ്ട്രിയും ചിത്രത്തെ മികച്ചൊരു ഫാമിലി എന്റർടെയ്‌നർ ആക്കി മാറ്റിയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വെങ്കിടേഷിന്റെ അതിഥി വേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഗൾഫിലെ പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും അടയാളമായി ഈ പരിപാടിയെ കാണുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.
അനിൽ രാവിപുടി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സംക്രാന്തി കാലത്തെ ഏറ്റവും വലിയ ആഘോഷമായി ഈ മെഗാ റിലീസ് മാറി എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.









