മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിൻ്റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തിരഞ്ഞെടുത്തു. ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, മുഹമ്മദ് അലി സി എം, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തിരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ. 2026 – 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തിരഞ്ഞെടുത്തു.
പ്രവാസി സെന്ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ് ഐ ആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു .









