മനാമ: പ്രവാസി മലയാളി സമൂഹത്തിന് വലിയ ആഘോഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിന് നാളെ (ജനുവരി 15, വ്യാഴം) വർണ്ണശബളമായ തുടക്കമാകും. ഇസ ടൗൺ കാമ്പസിൽ നടക്കുന്ന മേളയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സാംസ്‌കാരിക മേളയിൽ എം.ജി കാർ ഉൾപ്പെടെയുള്ള വൻ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. സയാനി മോട്ടോഴ്‌സ് നൽകുന്ന പുത്തൻ എം.ജി കാറാണ് റാഫിൾ ഡ്രോയിലെ ഒന്നാം സമ്മാനം. കൂടാതെ ജോയ് ആലുക്കാസ് നൽകുന്ന സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനി നൽകുന്ന 600 ലിറ്റർ റഫ്രിജറേറ്റർ, ഹോം തിയേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ തുടങ്ങി വിലപിടിപ്പുള്ള അമ്പതിലധികം സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിജയികൾക്ക് ലഭിക്കും.

സ്റ്റീഫൻ ദേവസ്സിയും രൂപാലി ജഗ്ഗയും നയിക്കുന്ന സംഗീത വിരുന്ന്
മേളയുടെ ആദ്യ ദിനമായ നാളെ (വ്യാഴാഴ്ച) ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിനമായ ജനുവരി 16-ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗയും അഭിഷേക് സോണിയും നയിക്കുന്ന സംഗീത സായാഹ്നമാണ് പ്രധാന ആകർഷണം. വിദ്യാർത്ഥികളുടെ കലാപരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും.
രണ്ട് ദിനാർ ടിക്കറ്റിൽ വൻ മേള
ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക മേളയായിരിക്കും ഇത്തവണത്തേതെന്ന് സംഘാടകർ അറിയിച്ചു. പ്രവേശന ടിക്കറ്റിന് രണ്ട് ദിനാറാണ് നിരക്ക്. മേളയിൽ നിന്നുള്ള വരുമാനം അധ്യാപക-വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. പതിനായിരക്കണക്കിന് സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേളയിൽ സുരക്ഷയ്ക്കായി സിസിടിവി ഉൾപ്പെടെയുള്ള വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 18-ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി റാഫിൾ നറുക്കെടുപ്പ് നടക്കും. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൊതുജനങ്ങളും കുടുംബസമേതം ഈ ചരിത്ര നിമിഷത്തിൽ പങ്കുചേരണമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മേളയുടെ ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അഭ്യർത്ഥിച്ചു.









