മനാമ: കോഫി ഷോപ്പിലെ സഹപ്രവർത്തകയായ പ്രവാസി യുവതിയെ ക്രൂരമായി മർദ്ദിക്കുകയും മുഖത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. ടുബ്ലി സ്വദേശിയായ ഇരുപതുകാരനെയാണ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്.
യുഗാണ്ട സ്വദേശിനിയായ 26 കാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതി യുവതിയുടെ മുഖത്തും തോളിലും കൈകൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കോഫി പ്രെപ്പ് സ്റ്റേഷനിൽ പോയി കെറ്റിലിൽ നിന്നും തിളച്ച വെള്ളം പാത്രത്തിൽ നിറച്ചുകൊണ്ടുവന്ന് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
കെറ്റിൽ കൊണ്ട് അടിച്ചും വെള്ളമൊഴിച്ചും ഉപദ്രവിക്കുന്നതിനിടെ അതിവേദന കൊണ്ട് പുളഞ്ഞ യുവതി എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു. ശരീരത്തിൽ പലയിടത്തും യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ട്. ശാരീരിക ആക്രമണം, കൊലപാതക ശ്രമം, പൊള്ളലേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബഹ്‌റൈൻ നിയമസംവിധാനം, ഇത്തരം കേസുകളിൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിധി. യുവതിക്ക് നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അധികൃതർ അറിയിച്ചു.









