മനാമ: ഭിന്നശേഷിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏഷ്യന്‍ നഴ്‌സ് 25,000 ദിനാര്‍ തട്ടിയെടുത്തതായി പരാതി. ഇദ്ധേഹത്തിന്റെ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു യുവതി. ഇദ്ധേഹത്തിന്റെ ഫോണ്‍ ഉപയോഗിച്ച് തുക യുവതിയുടെ അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായി മാറ്റുകയായിരുന്നു.
തട്ടിയെടുത്ത തുക ഏഷ്യന്‍ രാജ്യത്തെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് യുവതി സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇരയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നും, ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ വണ്‍ടൈം കോഡുകള്‍ യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും ഹൈ ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ സര്‍വീസില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം തട്ടിയെടുത്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് 3,500 ദിനാര്‍ യുവതി തിരികെ നല്‍കിയതായും ബാക്കിയുള്ള പണം നല്‍കിയില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പണം കൈമാറ്റം നടത്താന്‍ പ്രതി ഇരയുടെ ഇലക്ട്രോണിക് ഒപ്പ് ഉപയോഗിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു.
ഇരയുടെ മകന്‍ പിതാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. 2025 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ വലിയ തോതില്‍ പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കേസ് നല്‍കുന്നത്.
അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ നിന്ന് കൊണ്ടുവരാനും അഭിഭാഷകന് പ്രതിവാദം അവതരിപ്പിക്കാനും കഴിയുന്ന തരത്തില്‍ കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റി.









