മനാമ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്‌കാരിക മേളയ്ക്ക് (ISB Platinum Jubilee Cultural Fair) സംഗീതസാന്ദ്രമായ തുടക്കം. ഇസ ടൗൺ കാമ്പസിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മുഖ്യാതിഥിയായിരുന്നു. സ്റ്റാർ വിഷൻ ഇവന്റ്‌സ് ഒരുക്കിയ ദ്വിദിന മേളയുടെ ആദ്യദിനം തന്നെ വൻ ജനാവലിയാണ് കാമ്പസിലേക്ക് ഒഴുകിയെത്തിയത്.

ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം ഉന്നതമായ വിദ്യാഭ്യാസ-സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും ഇന്ത്യൻ സ്‌കൂൾ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി പറഞ്ഞു. സമൂഹത്തിനായുള്ള അർത്ഥവത്തായ സംഭാവനകളിലൂടെ ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന മാതൃകാ സ്ഥാപനമായി ഇന്ത്യൻ സ്‌കൂൾ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രമുഖ വ്യവസായിയും മാനുഷിക സേവനത്തിനുള്ള ഡോ. മംഗളം സ്വാമിനാഥൻ നാഷണൽ എക്‌സലൻസ് അവാർഡ് ജേതാവുമായ പമ്പാവാസൻ നായരെ ആദരിച്ചു. സ്കൂളുമായുള്ള തന്റെ ദീർഘകാല ബന്ധത്തിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. അക്കാദമിക മികവിനൊപ്പം സാംസ്‌കാരിക ഐക്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആഘോഷമാണ് പ്ലാറ്റിനം ജൂബിലിയെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സെയാദ് ആദൽ ദർവിഷ്, അഹമ്മദ് അൽ ഹെയ്കി, ട്രാഫിക് ഡയറക്ടറേറ്റ് പ്രതിനിധികളായ മേജർ ഖുലൂദ് യഹ്യ ഇബ്രാഹിം, ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ അഹൂദ് അബ്ദുള്ള അഹമ്മദ് അൽ ഖലീഫ, സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച തത്സമയ സംഗീത വിരുന്ന് കാണികളെ ആവേശത്തിലാഴ്ത്തി. മേളയുടെ രണ്ടാം ദിനമായ ഇന്ന് (വെള്ളി) ബോളിവുഡ് താരം രൂപാലി ജഗ്ഗയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും.
നേരത്തെ അറിയിച്ചതിൽ നിന്നും മാറ്റം വരുത്തിയ റാഫിൾ നറുക്കെടുപ്പ് ജനുവരി 26-ന് ഓൺലൈനായി നടക്കുമെന്ന് ചെയർമാൻ അറിയിച്ചു. സയാനി മോട്ടോഴ്‌സ് നൽകുന്ന എം.ജി കാറാണ് ഒന്നാം സമ്മാനം. ജോയ് ആലുക്കാസ് നൽകുന്ന സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ അമ്പതോളം ആകർഷകമായ സമ്മാനങ്ങൾ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.










