മനാമ: കോഫി ആന്‍ഡ് ചോക്ലേറ്റ് എക്‌സ്‌പോ 2026 ന്റെ അഞ്ചാം പതിപ്പ് കാപ്പിറ്റല്‍ ഗവര്‍ണര്‍ ഹിസ് എക്‌സലന്‍സി ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. മനാമയിലെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയിലാണ് എക്‌സ്‌പോ നടക്കുന്നത്.
ബഹ്റൈന്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന സാമ്പത്തിക, ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബെദായത്ത് കമ്പനി സംഘടിപ്പിക്കുന്ന എക്‌സ്‌പോ നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ മേഖല സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള വികസനത്തെയും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതില്‍ രാജ്യത്തിന്റെ സജീവ പങ്കിനെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രദര്‍ശനമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഇത്തരം പരിപാടികള്‍ നിക്ഷേപത്തെ ഉത്തേജിപ്പിക്കുകയും സഹകരണത്തിനും പങ്കാളിത്തത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ വിപുലമായ നിയന്ത്രണ, സംഘടനാ സൗകര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ചോക്ലേറ്റ്, കോഫി മേഖലകളിലെ പ്രൊഫഷണല്‍ മത്സരങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വര്‍ക്ക്‌ഷോപ്പുകള്‍, സാങ്കേതിക വിദ്യകളുടെ തത്സമയ പ്രദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ പരിപാടികള്‍ എക്‌സിബിഷനില്‍ നടക്കും. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ചോക്ലേറ്റ്, കാപ്പി എന്നിവയുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും വൈദഗ്ദ്ധ്യമുള്ള കമ്പനികള്‍, ഫാക്ടറികള്‍, കഫേകള്‍ എന്നിവയുടെ വിശാലമായ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ, വിദ്യാഭ്യാസ അവബോധ സെമിനാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.









