മനാമ: രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്.ഐ.ആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർത്ഥ അർത്ഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്.ഐ.ആർ നടപടികൾ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.
എസ്.ഐ.ആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലർക്കും യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ, യുക്തിസഹമായ വിശദീകരണമില്ലാതെ അവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ തുറന്ന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ദരിദ്രർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളാണ് എസ്.ഐ.ആർ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ദോഷം അനുഭവിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡസ്ക് കൺവീനറുമായ അജ്മൽ ഹുസൈൻ പറഞ്ഞു. രേഖകൾ എളുപ്പത്തിൽ ലഭിക്കാത്തവർ, താമസം ഇടയ്ക്കിടെ മാറുന്നവർ, ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രവേശനം ഇല്ലാത്തവർ എന്നിവരെല്ലാം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതൽ രൂപപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണം എന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്.ഐ.ആർ നടപടികൾ തകർക്കുന്നത് എന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികൾ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന അപകടകരമായ നീക്കമായതിനാൽ എസ് ഐ ആർ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാൻ കഴിയില്ല. പ്രവാസി സെൻറർ വഴി നടത്തുന്ന എസ്ഐആർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ അജ്മൽ ഹുസൈൻ വിശദീകരിച്ചു. ഇനിയും എസ്ഐആർ പ്രക്രിയ പൂർത്തീകരിക്കാത്തവർക്ക് പ്രവാസി സെൻ്ററിൽ എല്ലാ ദിവസവും വൈകുന്നേരം 7.00 മുതൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്‌ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.









