മനാമ: പ്രവാസലോകത്തെ സജീവ സാന്നിധ്യമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ആവിഷ്‌കരിച്ച പുതിയ കാരുണ്യ പദ്ധതിയായ ‘രിഫായി കെയര്‍’ ഓട്ടിസം ബാധിച്ച ആയിരം കുട്ടികള്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ സമാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ സമര്‍പ്പണം നിര്‍വഹിച്ചു.
പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഈ പദ്ധതി കേരളത്തിന് വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. പാവപ്പെട്ട മനുഷ്യര്‍ക്കായി ജീവിതം സമര്‍പ്പിച്ച രിഫായി ശൈഖിന്റെ സ്മരണാര്‍ത്ഥമാണ് സംഘടന ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെടുന്ന ഓട്ടിസം ബാധിച്ച ആയിരം കുഞ്ഞുങ്ങള്‍ക്ക് മാസത്തില്‍ 2500 രൂപ പ്രകാരം വര്‍ഷത്തില്‍ 30,000 രൂപ വീതമാണ് സാമ്പത്തിക സഹായം നല്‍കുക.
വളര്‍ച്ചക്കനുസരിച്ച് തലപോലും ഉറക്കാത്തവര്‍, സ്വന്തമായി എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാത്തവര്‍, വിശപ്പും ദാഹവും പുറത്തു പറയാന്‍ അറിയാത്തവര്‍ തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിഴലായി ജീവിക്കുന്ന ഒട്ടേറെ മാതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം ജീവിതം പോലും മറന്ന് ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അത്തരം മാതാക്കളെ ചേര്‍ത്തുപിടിക്കാനാണ് ഐസിഎഫ് മുന്‍ഗണന നല്‍കുന്നത്.
സ്‌നേഹത്തിന്റെ നനവുള്ള അനശ്വരമായ ഒരു സ്മാരകമായാണ് ‘രിഫായി കെയര്‍’ പദ്ധതിയെ സംഘടന അവതരിപ്പിക്കുന്നത്. കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎഫ് പ്രവാസികളുടെ സാമൂഹികവും സാംസ്‌കാരികവും ഇസ്ലാമികവുമായ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ബഹ്‌റൈനിലെ 42 യൂണിറ്റുകളിലായി നടന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഉപഹാരമായാണ് രിഫായി കെയര്‍ കുടുംബങ്ങളെ ഏറ്റെടുത്തത്.









