മനാമ: പതിനായിരങ്ങളെ സാക്ഷിനിർത്തി ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക മേളയ്ക്ക് ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വല സമാപനം. സ്‌കൂളിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന മേള, പ്രവാസി മലയാളികൾക്കും മറ്റ് ഇന്ത്യൻ സമൂഹത്തിനും ഒരുമയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വേദിയായി മാറി.

സമാപന ദിവസമായ വെള്ളിയാഴ്ച ബോളിവുഡ് ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീത നിശ കാമ്പസിനെ ആവേശത്തിലാഴ്ത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത-കലാപരിപാടികളും സമാപനത്തിന് മാറ്റ് കൂട്ടി. സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിച്ച മേളയിൽ പ്രവാസി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ് തുടങ്ങിയവർ സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി. അക്കാദമിക മികവിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും 75 വർഷങ്ങൾ ആഘോഷിക്കുന്ന ഈ മേളയുടെ വിജയം മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്പോൺസർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.

പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം ചെയ്തു
മേളയുടെ സമാപനത്തോടനുബന്ധിച്ച് പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം ചെയ്തു. സുവനീർ എഡിറ്റർ അനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോജിസ്റ്റിക്സ്, പ്രോഗ്രാം, സ്പോൺസർഷിപ്പ് തുടങ്ങി വിവിധ കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനമാണ് പതിനായിരങ്ങൾ എത്തിയ മേളയെ പരാതികൾക്കിടയില്ലാത്ത വിധം വിജയകരമാക്കിയത്.
സ്‌കൂൾ ഭരണസമിതി അംഗങ്ങളായ ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, ഉപദേഷ്ടാവ് മുഹമ്മദ് ഹുസൈൻ മാലിം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാർ സമ്മാനമായി ലഭിക്കുന്ന റാഫിൾ നറുക്കെടുപ്പ് ജനുവരി 26-ന്
ഏവരും ഉറ്റുനോക്കുന്ന മെഗാ റാഫിൾ നറുക്കെടുപ്പ് മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനുവരി 26-ന് ഓൺലൈനായി നടക്കും. സയാനി മോട്ടോഴ്‌സ് സ്പോൺസർ ചെയ്യുന്ന എം.ജി കാറാണ് ഒന്നാം സമ്മാനം. കൂടാതെ സ്വർണ്ണ നാണയങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഭാഗ്യശാലികളെ കാത്തിരിക്കുന്നു.









