മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ കഠിനമായ തണുപ്പ് അനുഭവപ്പെട്ടു. രാവിലെ 6 മണിയോടെ രാജ്യത്തെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. കിംഗ് ഫഹദ് കോസ്‌വേ, ദുറത്ത് അൽ ബഹ്‌റൈൻ എന്നിവിടങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
കാറ്റിന്റെ വേഗതയും ഈർപ്പവും കാരണം അനുഭവപ്പെടുന്ന തണുപ്പ് (Feels-like temperature) പലയിടങ്ങളിലും വളരെ കുറവാണെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുറത്ത് അൽ ബഹ്‌റൈനിൽ അനുഭവപ്പെട്ട തണുപ്പ് 5 ഡിഗ്രി സെൽഷ്യസ് വരെ താഴുകയുണ്ടായി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 13 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെങ്കിലും തണുപ്പ് 7 ഡിഗ്രി സെൽഷ്യസ് പോലെയാണ് അനുഭവപ്പെട്ടത്. സിത്രയിൽ 12 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് എന്നിവിടങ്ങളിലും 11 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. പുലർച്ചെ യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.









