മനാമ: ബഹ്‌റൈനിൽ ടാക്സി ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ പ്രതി ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. വഴിയിൽ വെച്ച് ടാക്സി തടഞ്ഞുനിർത്തി ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം 220 ബഹ്‌റൈൻ ദിനാറും രണ്ട് മൊബൈൽ ഫോണുകളുമാണ് പ്രതി തട്ടിയെടുത്തത്.
വാഹനത്തിന്റെ ജനാലയിൽ മുട്ടി ഡ്രൈവറെക്കൊണ്ട് ഗ്ലാസ് താഴ്ത്തിച്ച ശേഷം പ്രതി ബലമായി കാറിനുള്ളിലേക്ക് കയറുകയായിരുന്നു. ഡ്രൈവറുടെ വാലറ്റും ഫോണുകളും തട്ടിയെടുത്ത പ്രതിയെ ഡ്രൈവർ പിന്തുടരാൻ ശ്രമിച്ചെങ്കിലും കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർക്ക് ആശുപത്രിയിൽ തുന്നലുകൾ ഇടേണ്ടി വന്നു. കൈവിരലിനും പരിക്കേറ്റിട്ടുണ്ട്.
പിന്നീട് ഡ്രൈവർക്ക് തന്റെ വാലറ്റും ഒരു ഫോണും തിരികെ ലഭിച്ചെങ്കിലും വാലറ്റിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അക്രമി ഡ്രൈവറെ തടയുന്നതും ഫോൺ തട്ടിയെടുത്ത് ക്രൂരമായി മർദ്ദിക്കുന്നതും ഡ്രൈവറുടെ മുഖം രക്തത്തിൽ കുളിച്ചതുമായ സിസിടിവി ദൃശ്യങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള മോഷണക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഫെബ്രുവരി 24-ന് കോടതി വിധി പറയും.









