മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെൻ്ററിൽ ചേർന്ന സംഗമത്തിൽ പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും കൂടുതൽ കരുത്തോടെ ബഹ്റൈൻ പ്രവാസ ഭൂമികയിൽ പ്രവാസ സമൂഹത്തോടൊപ്പം അവരുടെ ക്ഷേമവും താൽപര്യങ്ങളും ലാക്കാക്കി പ്രവർത്തിക്കാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
പുതിയ പ്രവർത്തന പദ്ധതികൾ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ വിശദീകരിച്ചു. കൂടുതൽ ജനകീയവും കരുത്തുള്ളതുമായ അസോസിയേഷനാക്കി മാറ്റുക എന്നതിൽ ഊന്നിയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക എന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷ റിപ്പോർട്ട് വൈസ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി അവതരിപ്പിക്കുകയും സഹായ, സേവന മേഖലകളിൽ കൂടുതൽ മുന്നേറാൻ സാധിച്ചതായി വിലയിരുത്തുകയും ചെയ്തു. കേന്ദ്ര സമിതി അംഗം യൂനുസ് സലീമിൻ്റെ ക്ലാസോടെ ആരംഭിച്ച പരിപാടിയിൽ അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതമാശംസിക്കുകയും ഗഫൂർ മൂക്കുതല ഗാനമാലപിക്കുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി, വനിത വിഭാഗം പ്രസിഡൻ്റ് ഫാത്തിമ എം., യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ശറഫുദ്ദീൻ, മനാമ ഏരിയ പ്രസിഡൻ്റ് എ.എം ഷാനവാസ്, മുഹറഖ് ഏരിയ പ്രസിഡൻ്റ് അബ്ദുൽ ജലീൽ വി.കെ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. റിഫ ഏരിയ പ്രസിഡൻ്റ്പി.പി അബ്ദുശ്ശരീഫ് സമാപനം നിർവഹിച്ചു.









